2012, ഒക്‌ടോബർ 24, ബുധനാഴ്‌ച

അനുഭവം,ഓര്‍മകളിലൂടെ

ന്നെകുറിച്ച് ഞാനെന്തു പറയാന്‍.പിന്നെ ആര് പറയാനാ...ആരെങ്കിലും എന്തെങ്കിലും  പറഞ്ഞാല്‍ അത് പൂര്‍ണമായും എന്നെകുറിച്ചാവുമോ?
 വര്‍ഷങ്ങള്‍ക്കു മുമ്പ്‌,1977 ജനുവരി 7 നു കാരത്തൂര്‍ എന്ന അന്നത്തെ ഒരു കൊച്ചു  ഗ്രാമത്തില്‍, പാതി ഓലയും പാതി ഓടും മേഞ്ഞ, സൂര്യ പ്രകാശം കടന്നു ചെല്ലാന്‍ മടിക്കുന്ന ഒരു ഇരുണ്ട മുറിയില്‍ ഒരു മരകട്ടിലില്‍ ജനനം.കളിച്ചും ചിരിച്ചും,മണ്ണപ്പം ചുട്ടു നടക്കുന്നതിനടിനിടയില്‍ കാരത്തൂര്‍ വിദ്യാ പീഠം എല്‍ പി സ്കൂളില്‍ പ്രാഥമിക പഠനം.
തുടര്‍ന്ന് തിരുന്നാവായ നവാമുകുന്ദ ഹൈസ്കൂളില്‍ നിന്നും പത്താം തരം ഒന്നാം ക്ലാസ്സോടെ പരാജയപ്പെട്ടു.പരാജയം വിജയത്തിന്‍റെ ചവിട്ടു പടിയാണെന്നു ആരോ പറഞ്ഞത് ഓരോ പരാജയത്തിലും ഇന്നും  എനിക്കാശ്വാസം തന്നു കൊണ്ടിരിക്കുന്നു.
 പത്താം തരം തോറ്റപ്പോള്‍ ഇനി ഇവനെ വല്ല പണിക്കും പറഞ്ഞയക്കാം എന്ന ചേട്ടന്‍റെ അഭിപ്രായത്തോട് ഉപ്പ യോജിച്ചില്ല.മദ്രസാ അദ്ധ്യാപനം നടത്തികിട്ടുന്ന തുച്ചമായ വരുമാനത്തില്‍ നിന്നും വീണ്ടും എന്നെ പഠിപ്പിക്കാന്‍ ആ വലിയ മഹാന്‍ തീരുമാനിച്ചു.അങ്ങിനെ ബി പി അങ്ങാടി വിസ്ഡം കോളേജില്‍ ഒരു ജൂണ്‍ മാസത്തില്‍ രണ്ടാം വര്‍ഷ പത്താം തരത്തിന്നു ഞാന്‍ ചേര്‍ന്നു.പിന്നീടങ്ങോട്ട് എല്ലാദിവസവും മിനിമം മൂന്നു അടിവീതം എനിക്ക് ക്ലാസ്സില്‍ നിന്നും കിട്ടുമായിരുന്നു.
അവിടെ നിന്നും ഇന്ഗ്ലീഷ്‌ കൂട്ടി എഴുതാനും വായിക്കാനും,രണ്ടു സംഖ്യകള്‍ തമ്മില്‍ ഗുണിക്കാനും ഹരിക്കാനും,(കൂട്ടാനും കിഴിക്കാനും രണ്ടാം തരത്തില്‍ നിന്നും  പഠിച്ചത് ഭാഗ്യം)പിന്നെ ഒന്നുമുതല്‍ പത്തുവരെയുള്ള ഗുണന പട്ടികയും,ആംഗറില്‍ തൂക്കിയിട്ട വസ്ത്രങ്ങള്‍ പോലെ ഒരു നേര്‍ രേഖക്ക് മുകളില്‍ തൂങ്ങി കിടക്കുന്ന ഹിന്ദി അക്ഷരമാലയും ഹൃദ്യസ്ഥമാക്കി.
അന്നൊക്കെ ഉച്ച ഭക്ഷണം,വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞു ചാക്കുനൂലുകൊണ്ട് കെട്ടി ക്ലാസ്സില്‍ പോകുന്നതിനു മുമ്പേ ഉമ്മ തയാറാക്കി തരുമായിരുന്നു.പിന്നീടാപരിപാടി നിറുത്തി.ഒരു ചായ കടയിലായിരുന്നുഉച്ച ഭക്ഷണം.രണ്ടു രൂപ കൊടുത്താല്‍ രണ്ടു ഉണ്ട പൊരികിട്ടും.ഫ്രീ യായി ഒരു ഗ്ലാസ്‌  പച്ചവെള്ളവും.ഇതിന്നുള്ള രൂപ പല തരികടയും പറഞ്ഞു ഒപ്പിക്കലാണ് മിക്കവാറും പതിവ്‌.രണ്ടുവര കോപ്പിയുടെ പേരിലും എന്തിനതികം, ടൈംടേബിളിന്റെ പേര് പറഞ്ഞുപോലും കാശ് വീട്ടില്‍ നിന്നും ഒപ്പിച്ചിരുന്നു.ഒരു രക്ഷയും ഇല്ലങ്കില്‍ വീട്ടിലെ പഴയ പ്ലാസ്റ്റിക്‌,അലുമിനീയം,അരീഷ്ട്ടകുപ്പികള്‍,തുടങ്ങിയവ പെറുക്കി കൂട്ടി (കൂട്ടത്തില്‍ പുട്ടും കുറ്റിയും)വിറ്റും കാശുണ്ടാക്കുമായിരുന്നു.
 ഒരു ദിവസം ഉപ്പയും ഉമ്മയും കൂടി കണ്ണു ഡോക്ട്ടറെ കാണാന്‍ കോഴിക്കോട്ടേക്ക് പോവുമ്പോള്‍ എന്നെയും കൂടെ കൂട്ടി.തിരിച്ചു വരുമ്പോള്‍,ഇവിടെയടുത്തു,
കൊപ്പത്തൊരു മൊയ്‌ലിയാരുണ്ട്,...അറിയപ്പെടുന്ന ഉസ്താദാ....നമുക്കൊന്ന് അവിടം വരെ പോയാലോ??ഉമ്മ ചോദിച്ചു.
ഉപ്പ സമ്മതം മൂളി.അങ്ങിനെ ഞങ്ങള്‍ മൂവരും കൂടി അവിടെ,ഉസ്ഥാതിന്റെ വീട്ടില്‍ ഞങ്ങളുടെ ഊഴം കാത്തു നിന്നു.അവസാനം 'മൂപ്പരെ'കണ്ടു. ഉമ്മയും ഉപ്പയും ദു:ആ ചെയ്യാനും പറഞ്ഞു.പിന്നെ ഉപ്പ എന്റെ തോളില്‍ കൈവെച്ചു "ഇതെന്റെ എളെ മോനാ..,ഇവന്‍ ഇക്കൊല്ലം പത്തിലാ....ങ്ങള് ഓന്‍ ജെയ്ക്കാന്‍ മേണ്ടി ദോര്ക്കണം".ഉസ്താദ്‌ താടി തടവിക്കൊണ്ട് എന്നെ അടുത്തേക്ക് വിളിച്ചു.
ന്താ....ന്‍റെ പേര്?
മജീദ്‌ !
അബ്ദുല്‍ മജീദെന്നു പര്‍ണട്ടാ...
ഉം.
പിന്നെ എന്റെ തലയില്‍ കൈവെച്ചു.ഉസ്ഥാതിന്റെ ചുണ്ടുകള്‍ എന്തോ-മന്ത്രിക്കുന്നുണ്ടായിരുന്നു.തലയില്‍ ശക്തിയില്‍ മൂന്നു വട്ടം കാറ്റടിച്ചപ്പോള്‍ ഞാന്‍ കണ്ണുകള്‍ തുറന്നു.മന്തിച്ചു ഊതിയതാണെത്രെ...പിന്നെ...,ജ്ജ് എന്നും രാവിലെ സുബ്ഹി നിസ്കാരം കഴിഞ്ഞാല്‍ 3 യാസീനും,ഒരു ഇന്നാ അന്‍സല്‍നയും ഒതിക്കോ..ഇന്‍ഷാഅല്ലാഹ് ജയിചോളും... ട്ടാ...പോയ്ക്കോളീം.....ചുരുട്ടി കൊടുത്ത പത്തു രൂപ നിവര്‍ത്തി നോക്കാതെ നേരെ കീശയിലേക്ക്‌.........
അങ്ങിനെ പരീക്ഷയടുത്തു.ഇന്നത്തെപോലെയല്ലായിരുന്നു അന്നൊക്കെ പരീക്ഷ.ഒരു തിങ്കളില്‍ തുടങ്ങി യാല്‍ ശനിയില്‍ അവസാനിക്കുമ്പോള്‍ 12 പേപ്പറും കലാസ്.ദിവസം രണ്ടണ്ണം വീതം.ഇന്നോ??
ദിവസം ഒന്ന്,പിന്നെ രണ്ടാഴ്ച ലീവ്.പഠിക്കാന്‍ സമയം ധാരാളം.എന്നിട്ടും ഇന്നത്തെ തലമുറകള്‍ ??????????കഷ്ട്ടം തന്നെ.
പരീക്ഷക്ക്‌ ഫീസടച്ചതുമുതല്‍ ഒരു തരം പേടി.പരിക്ഷയുടെ ദിവസങ്ങള്‍ അടുക്കാറായപ്പോള്‍ വെറുതെ തൂറാന്‍ മുട്ടുന്ന പോലെ ഒരു തോന്നല്‍!!എന്നും മഗരിബ് നിസ്കാര ശേഷം ഞാന്‍ പുസ്തങ്ങള്‍ ഓരോന്നായി പഠിക്കാന്‍ തുടങ്ങി.കണ്ണുകളില്‍ വിക്സ്‌ പുരട്ടിയും,ഇളം ചൂടുവെള്ളത്തില്‍ കാലുകള്‍ ഇറക്കി വെച്ചും ഉറക്കത്തെ ഞാന്‍ പ്രതിരോധിച്ചു 1987 ലെ മഹത്തായ വിപ്ലവം കാണാതെ പഠിച്ചു.
കാലത്ത് നിസ്കാരം കഴിഞ്ഞു,ഉസ്താദിന്റെ നിര്‍ദേശവും പാലിച്ചു,കുളിച്ചു കുട്ടപ്പനായി ഹാള്‍ ടിക്കെറ്റുമായി പരീക്ഷാഹാളിലേക്ക് വെച്ചെഴുതാന്‍ ഒരു പഴയ പത്രവുമായി പുറപ്പെട്ടു.എന്റെ രെജിസ്റ്റര്‍ നമ്പര്‍ കണ്ടെത്താന്‍ അധികം സമയം വേണ്ടി വന്നില്ല.എട്ടാം ക്ലാസിലെ മന്‍സൂറിന്റെ ബെഞ്ചിലായിരുന്നു എന്റെ 6 ദിവസത്തെ 12നേരത്തെ ഇരിപ്പിടം.
ഒന്നാം മണി മുഴങ്ങി.എല്ലാവരും പുസ്തകങ്ങള്‍ ക്ലാസ്മുറിയുടെ പുറത്തു വെക്കാന്‍ ടീച്ചര്‍ നിര്‍ദേശിച്ചു...രണ്ടാം മണിയും മുഴങ്ങി ചോദ്യ പേപ്പര്‍ കിട്ടി.അറബിക്കായിരുന്നു ആദ്യ വിഷയം.1മുതല്‍ 10 വരെ ഉത്തരം വളരെ എളുപ്പമായിരുന്നു.........പിന്നെ ഒന്നും നോക്കിയില്ല. വെച്ചങ്ങു കീറി.ഓരോ ഉത്തര കടലാസിന്നും വേണ്ടി എഴുനേറ്റു നില്‍ക്കുമ്പോള്‍ കൂട്ടുകാരെല്ലാം പന്തം കണ്ട പെരിച്ചാഴിയെ പോലെ അന്തം വിട്ടു നോക്കി.അഞ്ചെണ്ണം എഴുതി തീര്‍ന്നു.ആറാമത്തെ പെപ്പറിന്നു ഏഴുനേറ്റ് നിന്നു,പേപ്പര്‍ കിട്ടി.പിന്നെ ടീച്ചറുടെ ശ്രദ്ധ എന്നില്‍ മാത്രം ഒതുങ്ങി നിന്നു.ഇവന്‍ കൊപ്പിയടിക്കുന്നുണ്ടോ?.ഇടയ്ക്കിടയ്ക്ക് ഇടം കണ്ണിട്ടു ടീച്ചര്‍ എന്നെ തന്നെ നോക്കി കൊണ്ടിരുന്നു.ഇത് മറ്റു കുട്ടികള്‍ മുതലെടുത്തു.അവരുടെ പോക്കറ്റുകളില്‍ നിന്നും തുണ്ടുകള്‍ ഘോഷയാത്രയായി പുറത്തേക്കു വന്നുകൊണ്ടേയിരുന്നു.
ശാരദ ടീച്ചര്‍ക്കെന്തു യാസീന്‍?,ഏതു ഇന്നാ അന്‍സല്‍നാ?എല്ലാം ഞാന്‍ പേപ്പറില്‍ പകര്‍ത്തി.
പരീക്ഷ കഴിഞ്ഞതില്‍ പിന്നെ കളിയുടെ പൂരമായിരുന്നു.ചട്ടി പന്തും,പട്ടം പറപ്പിക്കലും ,മുല്ല പള്ളി കുളത്തില്‍ തലകുത്തി മറിഞ്ഞതും,ആലഞ്ചേരി പുഴയില്‍ തോര്‍ത്ത്‌ മുണ്ടിന്റെ മുകളി മണല്‍ വാരിയിട്ടു കൂട്ടുകാരുമായി പരല്‍ മീന്‍ പിടിച്ചതും,....... ഇന്നും മായാതെ മനസ്സില്‍ കിടക്കുന്നു.
 മാര്‍ച്ച് ഒന്ന് മുതല്‍ റിസള്‍ട്ടിന്നു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ഓരോ ദിവസവും ചോദ്യ പേപ്പറുകളെടുത്തു ഞാന്‍ എഴുതിയ ഉത്തരതിന്നു പാതി മാര്‍ക്ക് വെച്ചു കൂട്ടി കിഴിക്കുമ്പോഴെല്ലാം 240 നു  മുകളില്‍ വരും.
അവസാനം റിസല്‍ട്ട് വന്നു,തൊട്ടടുത്ത വീട്ടിലെ പത്രത്തില്‍ എന്റെ നമ്പര്‍ ഞാന്‍ കണ്ടു,ഞാന്‍ ജയിച്ചു.ഉമ്മയുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ "നേര്‍ച്ചക്കാരേ ഭാഗ്യംകൊണ്ട്‌ ന്‍റെ കുട്ടി ജയ്ച്ചു .അതും തന്നെ സെക്കെന്റ്റ്‌ ക്ലാസോടെ .
അന്നൊക്കെ എല്ലാ ദിവസവും ഞാനും കൂട്ടരും കൂടി ബാപ്പുക്കാക്കാന്റെ വീട്ടില്‍ ടി വി കാണാന്‍ പോകല്‍ പതിവായിരുന്നു.എന്റെ വീടിന്റെ പരിസരത്ത് ആകെ ടി വി യുള്ള വീട് അതായിരുന്നു.ആദ്യമൊക്കെ അവര്‍ ഞങ്ങളെ അകത്തേക്ക് വിളിച്ചു ഇരുത്തുമായിരുന്നു.പിന്നെ അതു നിറുത്തി.കാരണം ,ഒരു ദിവസം ലത്തീഫ്(മാനു) 
(ബഡായിക്കാരന്‍ ബ്ലോഗര്‍)
ചാണകം  ചവിട്ടിയിട്ടു കാല്‍  കഴുകാതെ അകത്തു കയറി ഇരുന്നതില്‍ പിന്നെ ആരെയും അകത്തു കയറ്റാറില്ല.പിന്നെ ഗ്രില്‍സ്സില്‍ തൂങ്ങിയായിരുന്നു ടി വി കാണല്‍.വലുപ്പം കൂടിയര്‍ മുന്നില്‍ നില്‍ക്കുന്നത് കൊണ്ട്‌ എനിക്കൊന്നും കാണാന്‍ പറ്റൂല.ഇടയ്ക്കു പരസ്യം വരുമ്പോള്‍ ഈ മൂപ്പന്‍ മാര്‍ ബീഡി വലിക്കാന്‍ വലിയും.അപ്പൊള്‍ ഞങ്ങള്‍ മുന്നില്‍ കയറും.
സമയം രാത്രി 8:30.പെട്ടൊന്നൊരു ഇരുട്ട് കണ്ണില്‍ കയറി.പവര്‍ കട്ട്!!രണ്ടു മിനുറ്റ് നേരത്തേക്ക്‌ ഒന്നും കാണാന്‍ പറ്റുന്നില്ല...ഇനി കരണ്ട് വരണമെങ്കില്‍  09:00 ആവണം.നേരെത്തെ കൂടണഞ്ഞില്ലങ്കില്‍ വീട്ടില്‍ നിന്നും കുണ്ടിക്ക് നല്ല പെട കിട്ടും.നേരെ വീട്ടിലെക്ക് പുറപ്പെട്ടു.കൂടെ പേടിക്കെന്ന പോലെ കമാലും.(ഇവനാണവന്‍ )
(ഈ പന്നിക്ക് ഭയങ്കര ഗമയാ)
 കോലായില്‍ വെള്ള തുണിയും ബനിയനും ധരിച്ചു മര കസേരയില്‍ ഉപ്പ.തൊട്ടപ്പുറത്ത് താഴത്തു പായയില്‍ ഇരുന്നു  ഉണക്ക തേങ്ങ(കൊപ്ര)പൂണ്ടു കൊണ്ടിരിക്കുന്ന ഉമ്മ.ഒരു മൂലയിലായി ഏട്ടന്‍ വലിയ  കോളറുള്ള ഷര്‍ട്ടും പിരടി വരെ നീട്ടി വളര്‍ത്തിയ മുടിയുമായി,ജഡ്ജിയെ പോലെ നില്‍ക്കുന്നു.ഉപ്പയുടെ അരയിലൊരു പച്ച അരപ്പട്ട ഉണ്ടായിരുന്നോ??ഓര്‍മ വരുന്നില്ല .ഞാനിതൊന്നും വക വെക്കാതെ നേരെ അകത്തേക്ക് കയറി.കമാലിന്റെ'ബഷീറിന്റെ ബാല്യ കാല സഖി എന്റെയടുത്തായിരുന്നു.അവന്‍ വെളിയില്‍ കാത്തു നില്‍ക്കുന്നു.പുസ്തകമെടുത്ത് അരയില്‍ തിരുകി പുറത്തേക്കു കടക്കുമ്പോള്‍ ''ഡാ ശൈത്വാനെ  അന്റെ തെണ്ടല്‍ ഇപ്പോളും കഴിഞ്ഞില്ലേ''എന്നാ ഉപ്പയുടെ ചോദ്യത്തിന്നു "ദാ "വരുന്നുയെന്നും പറഞ്ഞു പുറത്തേക്കു പോയി പുസ്തകം അവനെ ഏല്പിച്ചു.അതിനൊരു നേരിയ ചൂടുണ്ടായിരുന്നോ ?അതോ എന്റെ ശരീരം പനിക്കുന്നുണ്ടായിരുന്നോ?.തിരുച്ചു വന്നപ്പോള്‍ ഭയങ്കര ചര്‍ച്ച,എന്നെ ഇനി എവിടെ ചേര്‍ക്കണം എന്നായിരുന്നു വിഷയം.ചേട്ടന്‍ പറഞ്ഞു ഇവനെ വല്ല കൈതൊഴില്‍ കോഴ്സിന്നും ചേര്‍ക്കുന്നതാണ് നല്ലത് .ഇപ്പോള്‍ ഡിഗ്രി കഴിഞ്ഞാല്‍ തന്നെ ഒരു ജോലിക്ക് ലക്ഷങ്ങള്‍ കൊടുക്കണം.അങ്ങിനെ അവന്റെ നിര്‍ബന്ധപ്രകാരം''റേഡിയോ തോറാപ്പിക്കല്‍''കോഴ്സിന്നു എന്നെ ചേര്‍ത്ത്.എനിക്കാണെങ്കില്‍ തീരെ താല്‍പര്യമില്ലാത്ത  വിഷയം.ഈ കണ്ടന്‍സറും കപ്പാസിട്ടരും കാണുമ്പോള്‍ തന്നെ ഒരു മാതിരി കടല്‍ വെള്ളത്തില്‍ കുളിച്ചപോലെ മേലാകെ ഒരു തരം ചൊറിച്ചിലാണെ.
  ഏതായാലും പത്താം തരാം പാസായതല്ലേ....തുടര്‍ പഠനത്തിനു പോവതെയിരുന്നാല്‍ ആളുകള്‍ക്കെങ്ങിനെ അറിയും ഞാന്‍ ജെയിച്ചു എന്ന്.എന്നും രാവിലെ വീട്ടില്‍ നിന്നും ഇറങ്ങും എവിടെയെങ്കിലും കറങ്ങി തിരിഞ്ഞു വീട്ടില്‍ ഉച്ചയൂണിന്നു തിരിച്ചെത്തും .ആറു മാസം വരെ ആ പ്രക്രിയ തുടര്‍ന്ന്.അവസാനം ആ പരിപാടി നിറുത്തി.പിന്നീട് വയറിംഗ്,പെയ്ന്റിംഗ്,എന്തിനധികം പറയുന്നു റോഡു പണിക്കുവരെ പോയി വട്ട ചിലവിന്നുള്ള കാഷ്‌ ഒപ്പിച്ചു.
     പിന്നീട് തുടര്‍ന്ന് പഠിക്കണം എന്ന മോഹവുമായി പിതാവിനെ സമീപിച്ചു.അവര്‍ നിരുല്‍സാഹപെടുതിയില്ല .അങ്ങിനെ പി ഡി സി, ആര്‍ട്സ്‌ കൊളെജിലും കോ ഓപ്പരെറ്റിവിലും  ആയി പൂര്‍ത്തികരിച്ചു ,ഡിഗ്രീ വിശ്വഭാരതിയിലും .ഡിഗ്രീ രണ്ടാം വര്‍ഷം  പകുതിയായപ്പോള്‍ എന്റെ പങ്കാളിയായി ഒരാളെകൂടി ,വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ കൂടെ കൂട്ടി.താമസിയാതെ അവള്‍ക്കു കളിപ്പിക്കാന്‍,കുളിപ്പിച്ച്,കുഞ്ഞി ഉടുപ്പണിയിച്ചു കൊഞ്ചിക്കാന്‍ ഒരു കുഞ്ഞി വാവയെ സമ്മാനിച്ചു.പിന്നീടങ്ങോട്ട് സ്വാതന്ത്രിയം നഷ്ട്ടപെട്ടു കൂട്ടിലടക്കപെട്ട പക്ഷിയെ പോലെയായി.കടവും കടപ്പാടുകളും നിറഞ്ഞു .
കടപ്പാടും കഷ്ട്ടപാടും മൂലം പഠനം തുടരണോ വേണ്ടയോ എന്നമട്ടില്‍ ,പര്‍ട്ട് ടൈം ജോലിയുമായി പഠനം പൂര്‍ത്തികരിച്ചു  .പിന്നെ ട്യൂട്ടോറിയല്‍ അദ്ധ്യാപകന്‍ ,കംപുട്ടെര്‍ പെയ്ന്റ് മിക്സര്‍,സൈല്‍സ് റപ്പ്,...പല ജോലികളും ചെയ്തു.പിന്നീടെപ്പോഴോ മ്മളെ ഗള്‍ഫില്‍ എത്തി പെട്ട്,അതും ഒരു സര്‍വീസ്‌ സ്റേഷനില്‍ കാര്‍ പോളിഷ്മാന്‍ ആയി.പൊള്ളുന്ന വെയിലിനെ വകവെക്കാതെ ജീവിക്കാന്‍ വേണ്ടി,അതിലുപരി മറ്റുള്ളവരെ ജീവിപ്പിക്കാന്‍ വേണ്ടി  ഒരു മൂന്നു വര്ഷം അങ്ങിനെ ഒരു വേഷം കെട്ടേണ്ടി വന്നു.
ഇപ്പോള്‍ റാസല്‍ ഖൈമയിലെ അറിയപ്പെടുന്ന ഒരു കമ്പനിയില്‍ അസിസ്റ്റെന്‍റ് ലാബ്‌ ടെക്നീഷ്യന്‍ ആയി ജോലി ചെയ്തു വരുന്നു.നാളത്തെ കാര്യം??..ദൈവത്തിനു മാത്രം അറിയാം.
(നൊന്തു പെറ്റ ഉമ്മയും ,പോറ്റിവളര്‍ത്തിയ  ഉപ്പയും.ഒരു പഴയ ചിത്രം)
"ഇന്ന് തീര്‍കേണ്ട കാര്യങ്ങള്‍ ഇന്ന് തീര്‍ക്കുക,നാളത്തേക്ക് വേണ്ടി മാറ്റിവെക്കരുത്.നാളത്തെ അവസ്ഥ നമുക്കാര്‍ക്കും തീരുമാനിക്കാന്‍ കഴിയില്ലയെന്നു" ഉപ്പ എന്നോട് എപ്പോഴും പറഞ്ഞിരുന്നത് ഇവിടെ ഞാന്‍ സ്മരിക്കുന്നു.
സ്കൂള്‍ വിട്ടു മഴനനഞ്ഞ് വീട്ടിലെത്തുമ്പോള്‍ "ജല്‍ദോസീംപനീം പുടിക്കൊല്ലോ ബദ്രീങ്ങളെ  "എന്നും പറഞ്ഞു കര്‍പൂരാദിതൈലത്തിന്റെ മണമുള്ള കരിമ്പനടിച്ച ഒരുതരം തവിട്ടു നിറമുള്ള തോര്‍ത്തു കൊണ്ടു  തലതോര്‍ത്തി തന്നിരുന്ന ആ എന്റെ പോന്നുംമയും,എന്നും മദ്രസ്സയില്‍ പോകുംമുമ്പ് ചായകടയില്‍ നിന്നും പുട്ട് പൊതിഞ്ഞു കൊണ്ടുവന്നു തീറ്റിപിച്ച  ഉപ്പയും ഇന്നെന്നെ വിട്ടു പിരിഞ്ഞിട്ട് വര്‍ഷങ്ങളെ ആയോള്ളൂ.ദൈവം അവരുടെ പാരത്രിക ജീവിതം സൌക്യത്തില്‍ ആകട്ടെ എന്ന പ്രാര്‍ഥനയോടെ കൊച്ചനുഭവങ്ങള്‍ക്ക് വിരാമാമാമിടുന്നു.


1 അഭിപ്രായം:

  1. പഹയാ ജ്ജി ന്നെ ചിരിപ്പിച്ചു കൊന്നുട്ടാ..
    ബാല്യകാല ഓർമ്മകൾ എന്നും നമ്മുടെ മനസ്സില് മായാതെ കിടക്കും. മധുരമുല്ലതായാലും കൈപ്പുള്ളതായാലും
    ആശംസകൾ വീണ്ടും ശക്തമായി തിരിച്ചു വരൂ

    മറുപടിഇല്ലാതാക്കൂ