2012, ഓഗസ്റ്റ് 18, ശനിയാഴ്‌ച

സുകുമാരന്‍ ചിരിക്കുന്നു

പയോഗ ശൂന്യമായി നമ്മള്‍ വലിച്ചെറിയുന്ന പഴയ ന്യൂസ്‌ പേപ്പറുകളും മാസികകളും കാര്‍ഡ്‌ ബോര്‍ഡുകളും  പെറുക്കി കൂട്ടി ഒരു ജീവിതത്തിന്റെ മേല്‍കൂര പണിയുകയാണിവിടെ ദുബായില്‍ സുകുമാരന്‍.

  കത്തികയറുന്ന വേനല്‍ ചൂടില്‍ ഒരു തണല്‍ത്തേടി എല്ലാവരും പായുമ്പോള്‍ സുകുമാരന്‍ പൊരിയുന്ന വെയിലിനെ വകവെക്കാതെ ചപ്പു ചവറുകള്‍ തള്ളുന്ന വലിയ ഇരുമ്പ്‌ വീപ്പകളിലെക്ക് മുഖം കുമ്പിട്ട് ചീഞ്ഞു നാറുന്ന ഗന്ധം ഒരു സുഗന്ധം പോലെ ഏറ്റുവാങ്ങി പേപ്പറുകളും കാര്‍ഡ്‌ ബോര്‍ഡുകളും ശേഖരിക്കുകയാണ്.ഗള്‍ഫ്‌ ജീവിതത്തിന്റെ പച്ചയായ ഒരു മുഖം.പുറത്തെ വേനലിനേക്കാള്‍ എത്രയോ വലുതായിരിക്കണം അയാളുടെ ഉള്ളിലെ തീ.
രണ്ടു വര്‍ഷം മുമ്പാണ് സുകുമാരന്‍ യു,,ഇയില്‍ എത്തിയത്.നാട്ടില്‍  നില്‍ക്കുമ്പോള്‍ ഏതൊരാളിന്റെയും സ്വപ്നമാണ് ഗള്‍ഫ്‌.അതില്‍ നിന്ന് വിത്യസ്ഥമല്ലായിരുന്നു  സുകുമാരന്റെയും.ഗള്‍ഫിലേക്ക്‌ വരാനുള്ള ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം സുകുമാരനില്‍ ഒരു തേന്‍മഴയായി ഏജന്റ് നിറഞ്ഞു ,പറഞ്ഞു .

   സുകുമാരാ .....വല്യ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനീല് നിനക്ക് പണിയായിട്ടുണ്ട്.പക്ഷേ ങ്കി അന്‍പതിനായിരം ഉറുപ്പിക കൊടുക്കണം.കൊടുത്താലെന്താ....?മാസാമാസം പതിനയ്യായിരംഉറുപ്പിക ശമ്പളം കിട്ടും.പിന്നെ താമസ സൗകര്യവും.ഇവിടെ ഒരു ഡാക്കിട്ടര്‍ക്ക് കിട്ടില്ല പത്തായിരം ഉറുപ്പിക.നിന്റെ ഭാഗ്യം.എങ്ങിനേലും നീ ഉറുപ്പിക ഉണ്ടാക്ക്.

  അധ്വാനിക്കാന്‍ സുകുമാരന്‍ തയ്യാര്‍.കുടുംബം  ഒന്ന് പച്ചപിടിപ്പിക്കണം.എജെന്റിന്റെ വാക്ചാതുരിക്ക് മുമ്പില്‍ സുകുമാരന്റെ രാവുകള്‍ എല്ലാം സ്വപ്നം നിറഞ്ഞതായിരുന്നു പിന്നീട്.കുടുംബത്തിന്‍റെ പ്രമാണം പണയം വെച്ച് കിട്ടിയ പണം.പിന്നെ ഭാര്യയുടെ കയ്യിലേയും കാതിലേയും സ്വര്‍ണ്ണം ഊരിയിട്ടും ത്രാസിന്റെ തട്ട് വിസയുടെ വിലക്കുമുമ്പില്‍ പൊന്തി നിന്നു.അവസാനം തോരാത്ത മിഴികളോടെ ഭാര്യയുടെ കെട്ടുതാലിയും ആ ത്രാസില്‍ തൂങ്ങി താഴ്ന്നു.
  അടുത്ത ലീവിന് വരുമ്പോള്‍ കൈ നിറയെ പണവും ഭാര്യയുടെ മെയ്യുനിറയെ പൊന്നും സ്വപ്നം കണ്ടുകൊണ്ട് സുകുമാരന്‍ ദുബായിലേക്ക് ഫ്ലൈറ്റുകയറി.പുറത്തിറങ്ങിയപ്പോള്‍ "ഏജന്റിന്റെ ആളാ....."എന്ന് പറഞ്ഞു സുകുമാരന്റെ പാസ്പോര്‍ട്ട് ഒരാള്‍ വാങ്ങി കൊണ്ട്പോയി.സ്വപ്നങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എത്രയോ അകലെയായിരുന്നു അയാളുടെ സ്വപ്ന ഭൂമി !!കൂറ്റന്‍ കെട്ടിടങ്ങളും നിരയോപ്പിച്ചു നീങ്ങുന്ന വാഹനങ്ങളും _സുകുമാരന്റെ സ്വപ്‌നങ്ങള്‍ ഹരിതാഭമായി.സ്വര്‍ണ്ണ വര്‍ണത്തേരില്‍ വെള്ളി മേഘങ്ങള്‍ക്കിടയിലൂടെ ഒരു പക്ഷിയെപ്പോലെ സുകുമാരന്‍...നാല് ദിവസം കഴിഞ്ഞപ്പോള്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത സുകുമാരന്റെ കാതിനെ പൊള്ളിച്ചു.

                   -താന്‍ വന്ന വിസയുടെ പേരില്‍ ഒരു കമ്പനി ഇല്ല-!!!

 ഏജന്റിന്റെ കളിതട്ടിലെ ഒരു കള്ള ചീട്ടായിരുന്നു സുകുമാരന്റെ വിസ.തുടര്‍ന്നുള്ള ദിവസങ്ങള്‍ ദുബായിലെ ഏജന്റിനെ തേടിയുള്ളതായിരുന്നു.എയര്‍പോര്‍ട്ടില്‍ വെച്ച് പാസ്പോര്‍ട്ട് വാങ്ങിപ്പോയ മുഖം പലയിടത്തും തിരഞ്ഞു.പക്ഷേ..എവിടെയും അപരിചിത മുഘങ്ങള്‍.അറിയാത്ത ഭാഷ.ആഹാരം കഴിക്കാന്‍ പോലും പണമില്ല.വിശന്നു വളഞ്ഞപ്പോള്‍ എവിടെയോ തലചുറ്റിവീണു.
  മരുഭൂമിയില്‍ കൈ നിറയെ സഹായവും സ്നേഹവുമായി ഖാദിര്‍ക്ക.ഉള്ളതില്‍ പങ്കും തലചായ്ക്കാന്‍ ഇടവും കൊടുത്തു ആ സഹോദര തുല്യന്‍.തന്റെയുള്ളിലെ വേദനയെക്കാളുംനൊമ്പരം പേറുന്ന മനസ്സുമായി ഖാദറിക്ക.പക്ഷേ,ഒരിക്കലും സ്വന്തം ദു:ഖത്തിനു മേല്‍ പ്രയാസങ്ങളുടെ ഭാരം ഇറക്കിവെച്ച് ആശ്വാസം നേടാന്‍ ഖാദര്‍ക്ക തയ്യാറായില്ല.പുകയുന്ന രണ്ട്‌ ഉമിത്തീ ചീട്ടായി ഖാദറിക്കയും സുകുമാരനും രാവിനെ പകലാക്കി കഴിഞ്ഞു .
  ഒരു ദിവസം റൂമിലെ ചവറുകള്‍ കളയാന്‍ കുപ്പതൊട്ടിയുടെ അരികിലേക്ക് ചെല്ലുമ്പോള്‍ അവിടെ ഒരന്യദേശക്കാരന്‍.അയാള്‍ പേപ്പറുകളും കാര്‍ഡുബോര്‍ഡുകളും ശേഖരിക്കുകയാണ്.സുകുമാരന്റെ മനസ്സില്‍ ഒരു മിന്നലാട്ടം.പാസ്പോര്‍ട്ടുപോലും കൈവശമില്ലാതവന്നു ഇതിലും നല്ലൊരു പണി കിട്ടില്ല.എന്തുകൊണ്ട് എനിക്കും ഇങ്ങിനെയൊരു തൊഴില്‍ ചെയ്തു കൂടാ??
  പിറ്റേന്ന് പുലര്‍ചാക്ക് ഒരു വലിയ ജോലിക്കുപോവുന്ന തയ്യാറെടുപ്പോടെ മുറിയില്‍നിന്ന് സുകുമാരന്‍ അകലെ തന്നെ ക്കാതിരിക്കുന്ന കുപ്പത്തൊട്ടി തേടി യാത്രയായി.
   ഇപ്പൊ മനസ്സില്‍ എന്താന്നില്ലാത്ത ഒരു സന്തോഷംണ്ട്.സുകുമാരന്‍ പറയുന്നു.ജോലിയില്‍ നിന്ന് അല്‍പ്പം കാശ് മിച്ചം വെച്ച് ഒരു സൈക്കിള്‍ വാങ്ങാന്‍ കഴിഞ്ഞു.പിന്നെ...വല്ലതെല്ലേലും എല്ലാ മാസവും ഒരു ചെറിയ തുക വീട്ടിലേക്കും അയക്കാന്‍ കഴിയുന്നു.പേപ്പറിന്നും കാര്‍ഡ്‌ ബോര്‍ഡിന്നും കിലോക്ക് 150 ഫില്‍സ്‌ കിട്ടും.പുലര്‍വെട്ടം വീഴും മുമ്പേ ഇറങ്ങണം.നേരം ഇരുളും വരെ പെര്‍ക്കും.പത്തോ പതിനെട്ടോ കിലോ കിട്ടും.ചില ദെവസം അതും ഇല്ല.എങ്കിലും പറയാം,എവിടേലും റൂം വെക്കേറ്റ് ചെയ്‌താല്‍ അന്ന് ഞങ്ങള്‍ക്ക് ചാകരയാ......ചാകര. എന്നാ...ഞാന്‍ പോട്ടെ.ഇവിടെ നിന്നാല്‍ പറ്റില്ല.ഈ കച്ചോടത്തിലും കിടമത്സരം ആയിപ്പോയി.വൈകിയാല്‍ പിന്നെ നമ്മെ കാത്തിരിക്കുന്ന കടലാസ് വല്ലവനും കൊണ്ടുപോവും.അപ്പൊ...പിന്നെ കാണാം...........
  ഇത്രയും പറഞ്ഞു നിറയെ ചിരിച്ച് ഉള്ളില്‍ കരഞ്ഞു കൊണ്ട് ധൃതിയില്‍ സൈക്കളിന്റെ സ്റ്റാന്‍റ് തട്ടി എങ്ങോ കിടക്കുന്ന കടലാസും തേടി സുകുമാരന്‍ യാത്രയായി..
                                        പ്രിയമുള്ളവരേ...പ്രിയമുള്ളവര്‍ നാട്ടിലെത്തുമ്പോള്‍ പെര്‍ഫ്യുമും വിലയേറിയ വസ്ത്രങ്ങളുമായി തിളങ്ങുന്ന നിങ്ങള്‍ക്കിടയിലെ ആ ഗള്‍ഫുകാരിലൊരാളായി ഓര്‍ക്കുക;ഈ പാവം സുകുമാരനും ഉണ്ട്.കാര്‍ഡ്‌ ബോര്‍ഡ്‌ എപ്പോഴും ജീവിതഭിത്തിക്കു നേരെയുള്ള  ഒരു മറയാണെന്ന് സുകുമാരനിതാ ചിരിയോടെ പറയുന്നു.
                                                              



                                                       കടപ്പാട്:ഗള്‍ഫ്‌വോയ്സ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ